യു എസില്‍ ടെക് കമ്പനി മേധാവികളായ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയാണെന്നാണ് കണ്ടെത്തല്‍. മസാചുസെറ്റ്സിലെ ഡോവറില്‍ താമസിച്ചിരുന്ന രാകേഷ് കമാല്‍ (57), ഭാര്യ ടീന കമാല്‍ (54), മകള്‍ അരിയാന (18) എന്നിവരെയായിരുന്നു ഡിസംബര്‍ 28 ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മകളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രാകേഷ് കമാല്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
ടീനയും മകള്‍ അരീനയും വെടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. രാകേഷിന്റെ മൃതദേഹത്തിലും വെടിയേറ്റ മുറിവുകളുണ്ട്. രാകേഷിന്റെ മൃതശരീരത്തിനരികില്‍ നിന്നും കണ്ടെടുത്ത തോക്ക് ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തോക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. പുറത്ത് നിന്നും ആളുകള്‍ വീടിനുള്ളില്‍ പ്രവേശിച്ച് കൊലപാതകം ചെയ്തതിനുള്ള യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബമെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
