ദുബായ് :വരാനിരിക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപനം ചരിത്രമായി മാറുകയാണ്. ചരിത്രത്തിൽ ആദ്യമായി പുരുഷ ടീമിന് നൽകുന്ന അതേ തുക വനിതകൾക്കും നൽകാൻ ഒരുങ്ങുകയാണ് ഐസിസി. ഇതുവരെയുള്ള വർഷങ്ങളിൽ വിജയികൾക്ക് നൽകിയതിൽ വച്ച് ഏറ്റവും വലിയ തുക കൂടിയാണിത്.
2.34 ലക്ഷം ഡോളറാണ് (20 കോടി രൂപ) കിരീടം നേടുന്ന ടീമിന് സമ്മാനത്തുകയായി ലഭിക്കുക. കഴിഞ്ഞ എഡിഷനെ അപേക്ഷിച്ച് 134 ശതമാനമാണ് ഇത്തവണ വർധിക്കുന്നത്. ഐസിസി വാർഷിക യോഗമാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. പുരുഷ, വനിതാ ക്രിക്കറ്റുകളിലെ അസമത്വം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഐസിസിയുടെ പുതിയ നീക്കം. 2030ഓടെയാവും ഇത് പൂർണമായും നിലവില്‍ വരിക.
‘ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ നിർണായക നിമിഷമാണിത്. ഐസിസി ടൂർണമെന്‍റുകളില്‍ പങ്കെടുക്കുന്ന പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യ പ്രതിഫലം നല്‍കുമെന്ന് അഭിമാനത്തോടെ അറിയിക്കുകയാണ്. തുല്യ സമ്മാനത്തുകയിലെത്തിക്കാന്‍ വനിതാ ക്രിക്കറ്റില്‍ 2017 മുതല്‍ ഓരേ വർഷവും തുക ഉയർത്തി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഐസിസി ഏകദിന, ട്വന്‍റി ലോകകപ്പുകളിലും അണ്ടർ 19 തലത്തിലും ഇനി മുതല്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുകയായിരിക്കും നല്‍കുകയെന്ന് ഐസിസി വ്യക്തമാക്കി.
