നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട തകരാറായ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്‌ഡി ഉള്ളവർക്ക് ആയുർദൈർഘ്യം കുറവാണെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനം. യുകെയിൽ 30,000-ത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്യാട്രിയിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, എഡിഎച്ച്ഡി രോഗനിർണയം നടത്തിയ പുരുഷന്മാരുടെ ആയുർദൈർഘ്യം 4 ½ വർഷം മുതൽ ഒമ്പത് വർഷം വരെ കുറഞ്ഞതായും സ്ത്രീകളുടെ ആയുർദൈർഘ്യം 6 ½ വർഷം മുതൽ 11 വർഷം വരെയായി കുറഞ്ഞതായും പറയുന്നു.
എഡിഎച്ച്‌ഡിയുള്ള പലരും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നുണ്ടെങ്കിലും, ശരാശരി അവർ ജീവിക്കേണ്ടതിനേക്കാൾ കുറഞ്ഞ ജീവിതമാണ് ജീവിക്കുന്നതെന്നാണ് പഠനം പറയുന്നത്. അകാല മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്തേണ്ടത് നിർണായകമാണെന്നും ഭാവിയിൽ ഇവ തടയുന്നതിന് മാർഗങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നും പഠനം പറയുന്നു.
എന്താണ് എഡിഎച്ച്ഡി?
സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്‌ഡി.
ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക അല്ലെങ്കില്‍ അശ്രദ്ധ (ഇന്‍അറ്റന്‍ഷന്‍), എടുത്തുചാട്ടം അഥവാ ‘ഇംപള്‍സിവിറ്റി’, ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക അല്ലെങ്കിൽ ‘ഹൈപ്പര്‍ ആക്ടിവിറ്റി’ എന്നിവ ചേര്‍ന്നുള്ള രോഗമാണിത്. സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഇതുകണ്ടുവരാറുണ്ട്. ചിലരില്‍ മുതിര്‍ന്നാലും ഇത് മാറിയെന്നു വരില്ല. കുട്ടികളില്‍ പഠനത്തെയും മറ്റും എഡിഎച്ച്‌ഡി പ്രതികൂലമായി ബാധിച്ചേക്കാം.